ഹൊസങ്കടിയിൽ പട്ടാപകൽ യുവതിയുടെ മാല പൊട്ടിച്ച സംഭവം: കുമ്പള സ്വദേശി അറസ്റ്റിൽ; കൂട്ടുപ്രതിക്കായി വലവീശി പൊലീസ്

കാസർകോട്: ഹൊസങ്കടിയിൽ പട്ടാപകൽ യുവതിയുടെ മാല പൊട്ടിച്ചോടിയ കേസിൽ മുഖ്യപ്രതിയെ മഞ്ചേശ്വരം പൊലീസ് അതിവേഗം വലയിലാക്കി. കുമ്പള ബംബ്രാണ സ്വദേശിയായ എ. സന്ദീപ് എന്ന സന്തു (31) ആണ് അറസ്റ്റിലായത്. ഇയാളോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നേകാലോടെ ഹൊസങ്കടി ദേശീയപാത സർവീസ് റോഡിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പൈവളിഗെ ബായിക്കട്ട സ്വദേശിനിയായ എ. നയന (30) എന്ന യുവതിയുടെ രണ്ടേകാൽ പവന്റെ സ്വർണ്ണമാലയാണ് സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം കവർന്നത്.

യുവതിയുടെ പരാതിയിൽ ഉടനടി കേസെടുത്ത് അന്വേഷണം ആരംഭിച്ച മഞ്ചേശ്വരം പൊലീസ് സംഘം, സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിലുള്ള രണ്ടാമത്തെ പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇയാൾ ഉടൻ തന്നെ പിടിയിലാകുമെന്നും മഞ്ചേശ്വരം പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *