ദേശീയപാത വികസനം: തലപ്പാടി-കാലിക്കടവ് മേഖലയിലെ തൊഴിലാളികൾ പ്രതിസന്ധിയിൽ; ശാശ്വത പരിഹാരം വേണമെന്ന് ബിഎംഎസ്

കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള മേഖലയിലെ ഓട്ടോറിക്ഷ, ടെമ്പോ, ടാക്സി തൊഴിലാളികൾ കടുത്ത ദുരിതത്തിൽ. നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലൈഓവറുകളും അണ്ടർപാസുകളും വന്നതോടെ പരമ്പരാഗത പാർക്കിംഗ് സ്റ്റാൻഡുകൾ പലതും നഷ്ടപ്പെട്ട നിലയിലാണ്.

ഇതോടെയാണ് തൊഴിലാളികൾ ഫ്ലൈഓവറുകളുടെയും അണ്ടർപാസുകളുടെയും അടിഭാഗത്തെ സ്ഥലം താൽക്കാലിക പാർക്കിംഗിനായി ഉപയോഗിച്ചു തുടങ്ങിയത്. എന്നാൽ, ഈ സ്ഥലങ്ങളിൽ നിന്നും വാഹനങ്ങൾ ഉടനടി മാറ്റണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റി അധികൃതർ നോട്ടീസ് നൽകിയതോടെ തൊഴിലാളികളുടെ നിത്യജീവിതം വഴിമുട്ടിയിരിക്കുകയാണ്. നിത്യച്ചെലവിനായി കഷ്ടപ്പെടുന്ന സാധാരണക്കാരായ നൂറുകണക്കിന് ഡ്രൈവർമാരെയാണ് ഈ നടപടി നേരിട്ട് ബാധിച്ചിരിക്കുന്നത്.

ശക്തമായ സമരത്തിന് മുന്നറിയിപ്പ്

തൊഴിലാളികൾ നേരിടുന്ന രൂക്ഷമായ പാർക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിഎംഎസ് മുന്നറിയിപ്പ് നൽകി. ബിഎംഎസ് ജില്ലാ ഓഫീസിൽ ചേർന്ന കാസർകോട് മേഖലയിലെ തൊഴിലാളികളുടെ യോഗത്തിലാണ് തീരുമാനം.

കരന്തക്കാട് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള എല്ലാ വാഹന സ്റ്റാൻഡുകളും നിലനിർത്താൻ അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ബിഎംഎസ് ടൗൺ പ്രസിഡന്റ് എ. കേശവയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ അധ്യക്ഷൻ ഉപേന്ദ്ര കോട്ടക്കണ്ണി, ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ് പമ്പ്രാണ, ഗുരുദാസ് ചാനക്കോട്, ഹരീഷ് കുതിരപ്പാടി എന്നിവർ സംസാരിച്ചു. വിശ്വനാഥ് ഷെട്ടി സ്വാഗതവും ബാബുമോൻ നന്ദിയും പറഞ്ഞു. സാധാരണക്കാരായ തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം തടസ്സപ്പെടുത്തുന്ന നടപടികൾക്കെതിരെ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *