സേവാ സങ്കൽപ്പ് അഭിയാൻ: ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമ സേനാംഗങ്ങൾ എന്നിവർക്ക് ബിജെപിയുടെ ആദരം

കാസർഗോഡ്: സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി കാസർഗോഡ് നഗരസഭയിലെ മുൻനിര സേവന പ്രവർത്തകരെ ബിജെപി ആദരിച്ചു. താളിപ്പടുപ്പ്, കറന്തക്കാട് വാർഡുകളിലെ അങ്കണവാടി ജീവനക്കാർ, ആശാ വർക്കർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർക്കാണ് ആദരവ് നൽകിയത്. ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രവർത്തകരെ ആദരിച്ചു.

സമൂഹത്തിന്റെ താഴെത്തട്ടിൽ നിസ്വാർത്ഥ സേവനം നടത്തുന്നവരാണ് ആശാ-അങ്കണവാടി ജീവനക്കാരും ശുചിത്വ പരിപാലനം ഉറപ്പാക്കുന്ന ഹരിതകർമ്മ സേനാംഗങ്ങളുമെന്നും അവരുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ചടങ്ങിൽ നേതാക്കൾ വ്യക്തമാക്കി.

ബിജെപി കാസർഗോഡ് മണ്ഡലം പ്രസിഡന്റും താളിപ്പടുപ്പ് വാർഡ് കൗൺസിലറുമായ ഗുരുപ്രസാദ് പ്രഭു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കറന്തക്കാട് വാർഡ് കൗൺസിലർ ഹരീഷ കെ. ആർ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിതാ ആർ. നായിക് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *