ചക്ക പറിക്കുന്നതിനിടെ പ്ലാവിൻ്റെ ശിഖിരം പൊട്ടിവീണു; ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു

കാസർകോട്: ചക്ക പറിക്കുന്നതിനിടയിൽ പ്ലാവിൻ്റെ ശിഖിരം പൊട്ടി താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരണപ്പെട്ടു. മംഗ്ളൂരു കുലശേഖര കക്കെബെട്ടു സ്വദേശിയായ അവിനാഷ് നായിക് (32) ആണ് ദേർളക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം അന്തരിച്ചത്. പരേതനായ കൃഷ്‌ണനായിക്-ഉഷ ദമ്പതികളുടെ മകനാണ്.

ജൂൺ 14-നായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ അപകടം സംഭവിച്ചത്. വൊർക്കാടി നീരോളിഗയിലുള്ള ഭാര്യാവീട്ടിൽ എത്തിയതായിരുന്നു അവിനാഷ്. വീട്ടുമുറ്റത്തെ പ്ലാവിൽ കയറി ചക്ക പറിക്കുന്നതിനിടെ, ഇരുന്നിരുന്ന ശിഖിരം അപ്രതീക്ഷിതമായി പൊട്ടി താഴേക്ക് വീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ അവിനാഷിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ദേർളക്കട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകി വരികയുമായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പവിത്രയാണ് മരണപ്പെട്ട അവിനാഷിന്റെ ഭാര്യ. നാലുമാസം മാത്രം പ്രായമുള്ള പ്രത്യു ഏക മകനാണ്. കിരൺ സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *