ഡൽഹി പൊലീസ് മർദ്ദനം: എൻഎസ്‌യുഐ നേതാവ് ആതിര വിജയന്റെ പരാതിയിൽ കേരളത്തിൽ കേസെടുത്തു

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു. എൻഎസ്‌യുഐ ദേശീയ നേതാവും ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർത്ഥിനിയുമായ മലയാളി ആതിര വിജയൻ നൽകിയ പരാതിയിലാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവിക്ക് (ഡിജിപി) സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ‘സീറോ എഫ്ഐആർ’ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഡൽഹി കൊണാട്ട് പ്ലേസിൽ നടന്ന മിന്നൽ പ്രതിഷേധത്തിനിടെയാണ് ആതിര വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പൊലീസ് വാനിലും സ്റ്റേഷനിലും വെച്ച് അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് ആതിരയുടെ പരാതി. റോഡിലൂടെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ആതിര ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

കസ്റ്റഡിയിലെടുത്ത പൊലീസ് വാനിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഇല്ലാത്തത് ചോദ്യം ചെയ്തതോടെയാണ് മർദ്ദനം തുടങ്ങിയതെന്ന് ആതിര വ്യക്തമാക്കിയിരുന്നു. കൊണാട്ട് പ്ലേസിലെ പൊലീസ് സ്റ്റേഷന് മുന്നിൽ വാഹനം നിർത്തി വനിതാ പൊലീസുകാരെ വാനിനുള്ളിലേക്ക് കയറ്റി മർദ്ദിക്കുകയായിരുന്നുവെന്നും, ക്രൂരമർദ്ദനത്തിൽ തന്റെ കേൾവിശക്തിക്ക് തകരാറുണ്ടായതായും ആതിര ആരോപിച്ചു.

സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെയും നടപടിയെടുക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരള ഡിജിപിയെ നേരിട്ട് സമീപിച്ച് പരാതി നൽകിയത്. ഡിജിപിയുടെ നിർദേശപ്രകാരം തുടർനടപടികൾക്കായി കേസ് ഡൽഹി പൊലീസിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *