തൃശൂരിൽ നിന്ന് കാണാതായ യുവാവിനെ കാസർകോട്ടെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: തൃശൂർ കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ യുവാവിനെ കാസർകോട്ടെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഴിക്കോട് താപ്പ് സ്വദേശി ടി.എം. അബ്ദുൽ നിഹാൽ ആണ് മരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് യുവാവ് കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ലോഡ്ജ് ജീവനക്കാരൻ മുറി പരിശോധിച്ചപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മുറിയിൽ നിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിൽ നിന്നാണ് മരിച്ചത് അബ്ദുൽ നിഹാൽ ആണെന്ന് വ്യക്തമായത്.

ബുധനാഴ്ച രാവിലെ 6.15-ഓടെ കൊടുങ്ങല്ലൂരിലേക്ക് പോയ നിഹാൽ തിരികെ വീട്ടിൽ മടങ്ങിയെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ കൊടുങ്ങല്ലൂർ പൊലീസ് നേരത്തെ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. കാസർകോട് ടൗൺ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ വിഷമങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കാം: ദിശ ഹെൽപ്പ്‌ലൈൻ – 1056, ടെലി-മാനസ് – 14416 / 1800 891 4416).

Leave a Reply

Your email address will not be published. Required fields are marked *