സ്റ്റാൻഡിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടി; പെർമിറ്റ് റദ്ദാക്കും: നീലേശ്വരം നഗരസഭ

നീലേശ്വരം: ബസ് സ്റ്റാൻഡിൽ പ്രവേശിക്കാതെ ദേശീയപാത വഴി മാത്രം സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കടുത്ത നടപടിയുമായി നീലേശ്വരം നഗരസഭ. ഇത്തരം ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നഗരസഭാ ഓഫീസിൽ ചേർന്ന ട്രാഫിക് റെഗുലേറ്റിങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

ബസുകൾ നഗരസഭ ബസ് സ്റ്റാൻഡിൽ നിർബന്ധമായും പ്രവേശിച്ച് യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കും. ഇതിനായി ജില്ലാ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ സേവനവും പ്രയോജനപ്പെടുത്തും.

പുതിയ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്നതും പുറത്തേക്ക് പോകേണ്ടതുമായ വഴികളെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ടും ശുപാർശകളും സമർപ്പിക്കാൻ ആർ.ടി.ഒയെ യോഗം ചുമതലപ്പെടുത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ നിലവിലെ റൂട്ടുകളിൽ മാറ്റം വരുത്തും. ബസുകൾ തെറ്റായ ദിശയിൽ ബസ് സ്റ്റാൻഡിലേക്ക് കയറുന്നതും ഇറങ്ങുന്നതും തടയാൻ ആർ.ടി.ഒ, പൊലീസ് എന്നിവരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷം കർശന നടപടിയുണ്ടാകും.

ഇതിനുപുറമെ, നീലേശ്വരം ഓവർബ്രിഡ്ജ് മുതൽ കെ.സി.കെ രാജാ ക്ലിനിക്ക് വരെയുള്ള റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ബസ് സ്റ്റാൻഡിലെ സംവിധാനങ്ങൾ കാര്യക്ഷമമാക്കി യാത്രക്കാർക്ക് സുഗമമായ യാത്രയൊരുക്കാനുമാണ് ഈ നടപടികൾ.

നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി.എം. സന്ധ്യ, കൗൺസിലർ പി.വി. സതീശൻ, നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി. മനു കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ ഓമനക്കുട്ടൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.വി. ശ്രീജിത്ത്, നീലേശ്വരം വില്ലേജ് ഓഫീസർ എച്ച്.ജെ. അജിത് കുമാർ, പേരോൽ വില്ലേജ് ഓഫീസർ സി.വി. ശശി, പൊതുമരാമത്ത് റോഡ് ഓവർസിയർമാരായ പി.വി. സുകന്യ, ശാന്തി ബാബു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *