വയനാട്: മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരായ സ്ഥലംമാറ്റ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധത്തിൽ. സ്കൂൾ മുറ്റത്ത് പ്ലസ് ടു വിദ്യാർഥികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടക്കുന്നത്. പ്രിൻസിപ്പലിനെതിരെയുള്ള വ്യാജ ആരോപണങ്ങൾ തള്ളിക്കളഞ്ഞ വിദ്യാർഥികൾ, അദ്ദേഹത്തെ തിരികെ സ്കൂളിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.
സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്നായിരുന്നു ഉയർന്ന ആരോപണം. എന്നാൽ, പ്രധാനാധ്യാപകൻ മദ്യപിച്ചിരുന്നില്ലെന്നും പിടിഎ പ്രസിഡന്റ് മാത്രമാണ് മദ്യപിച്ചിരുന്നതെന്നും വ്യക്തമാക്കി വിദ്യാർഥികൾ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. തുടർന്ന് നടത്തിയ രക്തപരിശോധനയിലും ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി തെളിഞ്ഞിരുന്നു.
എങ്കിലും, വിനോദയാത്രകൾ സംബന്ധിച്ച സർക്കാരിന്റെ പൊതുനിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപകനെ മീനങ്ങാടി സ്കൂളിൽ നിന്നും വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റിയത്. നിരപരാധിയായ അധ്യാപകനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നും അദ്ദേഹത്തെ മീനങ്ങാടി സ്കൂളിൽ തന്നെ തുടരാൻ അനുവദിക്കണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.















Leave a Reply