സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം നിലനിൽക്കുമെന്ന് പോലീസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ ‘തൊപ്പി’ എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളം റൂറൽ സൈബർ പോലീസാണ് എറണാകുളം സിജെഎം കോടതിയിൽ കുറ്റപത്രം നൽകിയത്. ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തന്നെ ചതിച്ചതാണെന്നും, അവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും നിഹാദ് മൊഴി നൽകിയതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ കേസിൽ നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു.

സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെ തുടർന്ന് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ പോലീസ് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും പ്രതി ഒളിവിൽ പോവുകയും, പോലീസ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ശേഷമാണ് നിഹാദ് ചോദ്യം ചെയ്യലിന് ഹാജരായത്. സംഭവത്തെ തുടർന്ന് പോലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനൽ അധികൃതർ നീക്കം ചെയ്തിരുന്നു.

നിഹാദും അദ്ദേഹത്തിന്റെ മുൻ കൂട്ടായ്മയായ ‘എംആർസെഡ് ഗ്യാങ്ങിൽ’ ഉണ്ടായിരുന്ന മുഹമ്മദ് (മമ്മു), ഷമീർ എന്നിവരും തമ്മിൽ രൂക്ഷമായ തർക്കങ്ങളും പരസ്പര ആരോപണങ്ങളും നിലനിന്നിരുന്നു. നിഹാദിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. അതേസമയം, ലൈവ് സ്ട്രീമിൽ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന കേസിൽ ഈ സംഘത്തിലുണ്ടായിരുന്ന മുഹമ്മദിനെ മുൻപ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *