കാസർകോട്: ജില്ലയിലെ പുഴകളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും പരിസ്ഥിതി സൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമായി ‘കാസർകോട് ആംഗ്ലിംഗ് ചാമ്പ്യൻഷിപ്പ് 2026’ ദേശീയതല ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 15-ന് ആരിക്കാടി–കുമ്പള മേഖലയിലെ ഷിറിയ പുഴയുടെ തീരത്താണ് മത്സരം നടക്കുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി.) കാസർകോടും കാസർകോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കുമ്പള ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ആംഗ്ലർമാർ ഉൾപ്പെടെയുള്ളവർ മത്സരത്തിൽ മാറ്റുരയ്ക്കും.
ഷിറിയ പുഴയുടെയും കാസർകോട് ജില്ലയിലെ മറ്റ് ജലാശയങ്ങളുടെയും ടൂറിസം സാധ്യതകൾ ദേശീയതലത്തിൽ പരിചയപ്പെടുത്തുക, ഉത്തരവാദിത്ത ടൂറിസവും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ജനങ്ങൾക്ക് തൊഴിൽ-ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുക, പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള വിനോദസഞ്ചാര വികസനം സാധ്യമാക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനത്തുകയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം നേടുന്നയാൾക്ക് 40,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയും സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ ഒരാൾക്ക് 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പരമാവധി 100 പേർക്ക് മാത്രമായിരിക്കും പ്രവേശനം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. രജിസ്ട്രേഷൻ ഡി.ടി.പി.സി. കാസർകോടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി നടത്താം.
ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ലോഗോ രൂപകൽപ്പന ചെയ്യുന്നതിനായി കലാകാരന്മാരിൽ നിന്നും ഡിസൈനർമാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിച്ചിട്ടുണ്ട്. കാസർകോടിന്റെ പ്രകൃതിസൗന്ദര്യം, പുഴകൾ, മത്സ്യബന്ധന പാരമ്പര്യം, ആംഗ്ലിംഗ് വിനോദം എന്നിവ പ്രതിഫലിപ്പിക്കുന്ന സർഗാത്മകമായ ലോഗോകളാണ് പരിഗണിക്കുക. മികച്ച ലോഗോയ്ക്ക് 3,000 രൂപ ക്യാഷ് അവാർഡ് നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ലോഗോയായി ഉപയോഗിക്കും. ലോഗോ എൻട്രികൾ ജെപിജി (JPG), പിഡിഎഫ് (PDF) ഫോർമാറ്റുകളിൽ ഡി.ടി.പി.സി. കാസർകോട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ലോഗോ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ മൂന്നാണ്.
മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അർജുനൻ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് കുമാർ ജെ.കെ. മത്സരത്തിന്റെ ലക്ഷ്യങ്ങളും മുന്നൊരുക്കങ്ങളും വിശദീകരിച്ചു. അഷ്റഫ് കർള, എം.എസ്. മൊയ്തു കൊളിയടുക്ക, പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി, റഫീഖ്, മുനീറുദ്ദീൻ കെ.പി. എന്നിവർ സംസാരിച്ചു. ജെയിംസ് സി.വി. നന്ദി പറഞ്ഞു.
മത്സരാർത്ഥികൾക്കും സംഘാടകർക്കുമായി ഭക്ഷണം, ലഘുഭക്ഷണം, കുടിവെള്ളം എന്നിവ ഹരിത പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ട് ക്രമീകരിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ് എന്നിവയുടെ പൂർണ സേവനവും ലഭ്യമാക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി www.dtpckasaragod.com എന്ന വെബ്സൈറ്റോ info@dtpckasaragod.com എന്ന ഇ-മെയിലോ 8943992414, 04994 256450 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.














Leave a Reply