തെരുവുനായ്ക്കളെ കൊന്നൊടുക്കാൻ അനുമതിയില്ല; പ്രചാരണം തെറ്റെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളെ അനിയന്ത്രിതമായി കൊന്നൊടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വ്യക്തമാക്കുന്നു. തെരുവുനായ്ക്കളെ നിയമവിരുദ്ധമായി കൊല്ലുന്നതിനോ ഉപദ്രവിക്കുന്നതിനോ പഞ്ചായത്തുകൾക്കോ നഗരസഭകൾക്കോ പൊതുജനങ്ങൾക്കോ അനുമതി നൽകിയിട്ടില്ലെന്നും, സുപ്രീം കോടതി ഉത്തരവുകൾ ലംഘിച്ച് നായ്ക്കളെ കൊല്ലുന്നത് കർശന ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും വകുപ്പ് അറിയിച്ചു. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ (AWBI) പ്രതിനിധി സമർപ്പിച്ച നിവേദനത്തിന് മറുപടിയായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റ് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് 2026 ജൂലൈ 23-ലെ സർക്കാർ ഉത്തരവിനെ അടിസ്ഥാനമാക്കി തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുവെന്ന പരാതിയിലാണ് വിശദീകരണം. അനിമൽ ബെർത്ത് കൺട്രോൾ റൂൾസ് 2023 അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ വഴി തെരുവുനായ്ക്കളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പും (ABC/ARV) വിപുലമായി നടപ്പാക്കിവരികയാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന മൃഗസ്നേഹികൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും ഭീഷണികളും അനുവദിക്കില്ല. ഇത്തരം അതിക്രമങ്ങൾ തടയുന്നതിനായി ഓരോ തദ്ദേശ സ്ഥാപന പരിധിയിലും പ്രത്യേക ഫീഡിംഗ് പോയിന്റുകൾ നിശ്ചയിക്കാനും നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭ്രാന്തോ മാരകരോഗങ്ങളോ ഉള്ള അക്രമാസക്തരായ നായ്ക്കളെ നിയമാനുസൃത വെറ്ററിനറി സർജന്മാരുടെ കൃത്യമായ പരിശോധനയ്ക്കും സാക്ഷ്യപത്രത്തിനും ശേഷം, സുപ്രീം കോടതിയുടെയും കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെയും മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ ദയാവധം ഉൾപ്പെടെയുള്ള പ്രക്രിയകൾക്ക് വിധേയമാക്കാവൂ. 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവും ഭരണഘടനാപരമായ നിർദ്ദേശങ്ങളും പാലിച്ച് മാത്രമേ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഈ വിഷയത്തിൽ പ്രവർത്തിക്കാവൂ എന്ന് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ ഡയറക്ടറേറ്റ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *