സ്വകാര്യ ബസ് സമരം പിൻവലിച്ചു; ചാർജ് വർധനവിൽ ഉടനടി തീരുമാനമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണുമായി ബസ് ഉടമ പ്രതിനിധികൾ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി വെറ്റ് ലീസിന് എടുക്കുന്നതിലും ജസ്റ്റിസ് രാമചന്ദ്രൻ/പത്മകുമാർ കമ്മീഷൻ റിപ്പോർട്ട് നിയമപ്രകാരം നടപ്പിലാക്കുന്നതിലും ചർച്ചയിൽ ധാരണയായിട്ടുണ്ട്. അതേസമയം, യാത്രക്കാരുടെ ബസ് ചാർജ് വർധന, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തൽ എന്നീ ആവശ്യങ്ങളിൽ നിലവിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് മന്ത്രി ബസ് ഉടമകളെ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതിയെക്കുറിച്ചും സർവീസുകൾ സംബന്ധിച്ച സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങളെക്കുറിച്ചും പഠിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അംഗം സുരേഷ് ബാബുവാണ് സമിതി ചെയർമാൻ. കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്കുമാർ, നാറ്റ്പാക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ.ജെ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സി.വി.എം. ഷെരീഫാണ് കൺവീനർ. ആറാഴ്ചയ്ക്കകം പഠനം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിട്ടുള്ള നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *