കേരളപ്പിറവി ദിനാഘോഷം: കാസർകോട് നാലപ്പാടം പത്മനാഭൻ, പി.എസ്. പുണിഞ്ചിത്തായ ഉൾപ്പെടെയുള്ള പ്രതിഭകളെ ജില്ലാ ഭരണകൂടം ആദരിക്കും

കാസർകോട്: കേരളപ്പിറവിയുടെ എഴുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് കല, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരെ കാസർകോട് ജില്ലാ ഭരണകൂടം ആദരിക്കുന്നു. എഴുത്തുകാരനും ദൃശ്യമാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭൻ, വിഖ്യാത ചിത്രകാരൻ പി.എസ്. പുണിഞ്ചിത്തായ, യക്ഷഗാന ബൊമ്മയാട്ട പ്രതിഭ കെ.വി. രമേഷ്, പ്രമുഖ തെയ്യം കോലധാരി മുകുന്ദൻ ഇളംകുറ്റി പെരുമലയൻ എന്നിവർക്കാണ് ആദരം നൽകുന്നത്.

നവംബർ ഒന്നിന് രാവിലെ 11 മണിക്ക് കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ചാണ് ജില്ലാതല കേരളപ്പിറവി-മലയാള ദിനാഘോഷ പരിപാടികൾ നടക്കുന്നത്. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് കേരളപ്പിറവി ദിന സന്ദേശം നൽകും. കാസർകോട് നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലിം ചടങ്ങിൽ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയാകും.

ചടങ്ങിൽ ആദരിക്കുന്ന പ്രമുഖ വ്യക്തികളെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റന്റ് എഡിറ്റർ എ.പി. ദിൽന, സത്യനാരായണ തന്ത്രി എന്നിവർ പരിചയപ്പെടുത്തും. മുതിർന്ന മാധ്യമപ്രവർത്തകൻ വി.വി. പ്രഭാകരൻ, രാധാകൃഷ്ണൻ ഒളിയത്തടുക്ക, ഹുസൂർ ശിരസ്തദാർ പി. നസിമുദ്ദീൻ, ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ കെ.വി. രതീഷ്, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ. കരീം എന്നിവർ സംസാരിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ സ്വാഗതവും അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.പി. നൗഷാദ് നന്ദിയും പറയും.

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ മത്സര പരിപാടികൾ, പ്രഭാഷണങ്ങൾ, ഭാഷാ പോഷണ പരിപാടികൾ എന്നിവയും ജില്ലയിൽ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *