കാസർകോട്: വൈദ്യുതി വകുപ്പ് ജീവനക്കാരൻ എന്ന വ്യാജേനയെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്ന സംഭവത്തിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊളത്തൂർ അരമനപ്പടി ബാവിക്കരയടുക്കം സ്വദേശിനി കെ. ശുഭയുടെ മാലയാണ് കവർന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.
വീടിന്റെ പിൻവശത്തുകൂടി എത്തിയ യുവാവ് താൻ വൈദ്യുതി ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് പരിസരത്തെ കുഴൽക്കിണറിന് സമീപമുള്ള വയറുകൾ പരിശോധിക്കാൻ തുടങ്ങി. ഈ സമയം അവിടേക്ക് എത്തിയ ശുഭയുടെ കഴുത്തിൽ കിടന്നിരുന്ന അഞ്ചു പവൻ സ്വർണമാല യുവാവ് ബലമായി പൊട്ടിച്ചെടുക്കുകയായിരുന്നു.
ഇതിനിടെ ശുഭ ചെറുത്തുനിൽക്കാൻ ശ്രമിച്ചതോടെ നാല് പവൻ ഭാഗം മോഷ്ടാവിന്റെ കൈവശവും ഒരു പവൻ ഭാഗം ശുഭയുടെ കൈയിലുമായി അവശേഷിച്ചു. ശുഭയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി സമീപപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.













Leave a Reply