അരിയിൽ ഷുക്കൂർ വധക്കേസ്: വിധി നവംബർ 12-ന്, പി. ജയരാജനും ടി.വി. രാജേഷും അടക്കം 33 പ്രതികൾ

കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി നവംബർ 12-ന് വിധി പറയും. കേസിലെ വിചാരണ നടപടികൾ പൂർത്തിയായതിനെ തുടർന്നാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 33 പ്രതികളുള്ള കേസിലാണ് വിധി വരുന്നത്.

2012 ഫെബ്രുവരി 20-നാണ് കണ്ണൂർ തളിപ്പറമ്പിലെ പട്ടുവം ചുള്ളിയോട് വയലിൽ വെച്ച് എംഎസ്എഫ് പ്രവർത്തകനായ അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെടുന്നത്. അന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് കേസ്. ഷുക്കൂറിനെ തടഞ്ഞുവെച്ച് വിചാരണ ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

തുടക്കത്തിൽ ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സിബിഐക്ക് വിട്ടത്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വെച്ച് പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ള നേതാക്കൾ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കേസിൽ പി. ജയരാജൻ 32-ാം പ്രതിയും, ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. ആകെ 33 പ്രതികളുള്ള കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെ രണ്ട് പ്രതികൾ മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *