കുമ്പള: കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനെ തുടർന്ന് ഗതാഗതം നിരോധിച്ച കുമ്പള കഞ്ചിക്കട്ട പാലത്തിന്റെ പുനർനിർമ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചു. കുമ്പള പുഴയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ, വർഷങ്ങളായി യാത്രാദുരിതം നേരിടുന്ന പ്രദേശവാസികളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് നേരത്തെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി നിരോധിക്കുകയും അടച്ചിടുകയും ചെയ്തിരുന്നു. ഇതോടെ കഞ്ചിക്കട്ട, മളി, താഴെ കൊടിയമ്മ, താഴെ ആരിക്കാടി, കുണ്ടാപ്പു, ബംപ്രാണ, ചുരിത്തടുക്ക, കോട്ടക്കാർ തുടങ്ങിയ പ്രദേശങ്ങളിലെ നാട്ടുകാർ കടുത്ത യാത്രാക്ലേശമാണ് അനുഭവിച്ചുവന്നിരുന്നത്. പുതിയ പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.
എ.കെ.എം. അഷ്റഫ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 27 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ജലവിഭവ വകുപ്പ് മൈനർ ഇറിഗേഷൻ വിഭാഗമാണ് പദ്ധതിരേഖ തയ്യാറാക്കിയത്.
യാത്രാസൗകര്യത്തിന് പുറമെ പ്രദേശത്തെ കർഷകർക്കും പദ്ധതി വലിയ പ്രയോജനം ചെയ്യും. കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിനും, പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുമുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. സാങ്കേതികാനുമതി ലഭ്യമായ പശ്ചാത്തലത്തിൽ, ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.













Leave a Reply