മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗതയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. നെയ്യാർഡാം ചെക്‌പോസ്റ്റിലെ പ്രിവന്റീവ് ഓഫീസറായ ആർ. ഷിജുവിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സംഭവത്തിൽ ഷിജുവിനെതിരെ നടപടിയെടുക്കാൻ എക്‌സൈസ് കമ്മീഷണർ എസ്. സാംബശിവ റാവു നിർദേശം നൽകുകയായിരുന്നു.

കഴിഞ്ഞ 24-ാം തീയതി രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. കട്ടയ്ക്കോട് ഭാഗത്തുനിന്ന് കാട്ടാക്കടയിലേക്ക് അമിതവേഗതയിൽ ഷിജു ഓടിച്ചുപോയ കാർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് എതിരെ വന്ന ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ കാറിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഷിജുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് കാട്ടാക്കട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ വൈദ്യപരിശോധനയിലാണ് മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറോട് എക്‌സൈസ് കമ്മീഷണർ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുതല നടപടി.

Leave a Reply

Your email address will not be published. Required fields are marked *