ന്യൂഡൽഹി: സുപ്രീംകോടതിയുടെ വാതിലുകൾ രാജ്യത്തെ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണെന്നും ആർക്കും കോടതിയെ സമീപിച്ച് പരാതി നൽകാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വോട്ട് ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ നിവേദനം കൈമാറാൻ സമയം അനുവദിക്കണമെന്ന ‘ഇൻഡ്യ’ മുന്നണി നേതാക്കളുടെ ആവശ്യം നിരസിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കൾ നൽകിയ കത്ത് കഴിഞ്ഞദിവസമാണ് തനിക്ക് ലഭിച്ചതെന്നും അതിനാൽ രാത്രിയോടെ തന്നെ മറുപടി നൽകിയതായും ചീഫ് ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച നടത്താൻ സാധിക്കാത്തതിന്റെ കാരണം മറുപടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കഴിഞ്ഞദിവസമാണ് കത്ത് ലഭിച്ചത്. കഴിഞ്ഞ രാത്രി തന്നെ മറുപടി നൽകുകയും ചെയ്തു. ശനിയാഴ്ചത്തെ തീയതിയാണ് കത്തിലുണ്ടായിരുന്നത്. കഴിഞ്ഞദിവസം ഡൽഹിയിൽ ഇല്ലാതിരുന്നതിനാലാണ് കത്ത് നേരത്തെ ലഭിക്കാതിരുന്നത്. ചില കാരണങ്ങളാൽ കൂടിക്കാഴ്ചയ്ക്ക് സാധിക്കില്ലെന്ന് മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കത്തിലെ ഉള്ളടക്കം എന്താണെന്ന് അവരോട് തന്നെ ചോദിക്കണം; ഞാൻ അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയാണ്.” — ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
എംപിമാർ അടക്കമുള്ള ജനപ്രതിനിധികൾക്ക് തങ്ങളുടെ ആശങ്കകൾ എങ്ങനെ അറിയിക്കാൻ കഴിയുമെന്ന ചോദ്യത്തിന്, കോടതിയെ സമീപിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“സാധാരണക്കാരനായാലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായാലും രാജ്യത്തെ എല്ലാ പൗരന്മാർക്കും സുപ്രീംകോടതിയെ സമീപിക്കാൻ അവകാശമുണ്ട്. നിയമാനുസൃതമായി അവരുടെ ആശങ്കകൾ കേൾക്കുകയും അർഹമായ നീതി ഉറപ്പാക്കുകയും ചെയ്യും,” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
വോട്ട് ചോർച്ച, എസ്ഐആർ (SIR) എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച വൈകീട്ട് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാക്കൾ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. എന്നാൽ ചില കാരണങ്ങളാൽ ഈ ആവശ്യം ചീഫ് ജസ്റ്റിസ് നിരസിക്കുകയായിരുന്നു.














Leave a Reply