മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ

കണ്ണൂർ: മട്ടന്നൂരിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ പിടിയിൽ. മലപ്പുറം പുതുപൊന്നാനി സ്വദേശി ഡോ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാർ സ്വദേശി ഡോ. സിദ്ധാർത്ഥ് (31) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.

പിടിയിലായവരിൽ ഒരാൾ ബെംഗളൂരുവിലെ പിജി മെഡിക്കൽ വിദ്യാർഥിയും, മറ്റൊരാൾ കണ്ണൂരിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറുമാണ്. മട്ടന്നൂരിലെ കൈ പാലസ് ബാറിലെ മുറിയിലും ഇവർ സഞ്ചരിച്ചിരുന്ന ആഡംബര ജീപ്പിലുമായി (മഹീന്ദ്ര ഥാർ) സൂക്ഷിച്ച നിലയിലായിരുന്നു 2.809 ഗ്രാം എംഡിഎംഎ. ലഹരിമരുന്ന് സൂക്ഷിക്കാൻ ഉപയോഗിച്ച വാഹനവും എക്സൈസ് കസ്റ്റഡിയിലെടുത്തു.

എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വിൽപന ആവശ്യങ്ങൾക്കായി ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നാണ് പ്രതികൾ പ്രാഥമികമായി നൽകിയ മൊഴി. അറസ്റ്റിലായ പ്രതികളെ നടപടിക്രമങ്ങൾക്ക് ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കി. ഇവർക്ക് പിന്നിൽ വൻ ലഹരിമാഫിയാ കണ്ണികൾ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിൽ എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *