മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് രണ്ട് സ്കൂട്ടറുകൾ മോഷ്ടിച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക തൊക്കോട്ട് സ്വദേശി സുനിൽ (32) ആണ് പിടിയിലായത്.
മലപ്പുറം പോത്തുകല്ല് സ്വദേശി ശംനാദ് അലി, ഉദ്യാവറിലെ അബ്ദുൽ റഹിമാൻ എന്നിവരുടെ സ്കൂട്ടറുകളാണ് പ്രതി കഴിഞ്ഞ മൂന്നാഴ്ചക്കിടെ കവർന്നത്. മോഷണം നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതി സ്കൂട്ടറുമായി കടന്നുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, പ്രതി ഉപയോഗിച്ച മറ്റൊരു സ്കൂട്ടർ രണ്ട് ദിവസം മുൻപ് കർണാടകയിലെ ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണെന്ന് മഞ്ചേശ്വരം പൊലീസിന് വിവരം ലഭിച്ചു. ഈ സ്കൂട്ടർ തുമ്മിനാട് പരിസരത്ത് കണ്ടെത്തിയതിനെ തുടർന്ന്, പ്രതി വാഹനം എടുക്കാൻ വരുമ്പോൾ പിടികൂടാനായി പൊലീസ് രണ്ട് ദിവസം കാത്തുനിന്നെങ്കിലും എത്തിയില്ല.
തുടർന്ന് തുമ്മിനാട്ടെ ചില യുവാക്കൾക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകി. ഇന്നലെ വൈകിട്ടോടെ സ്കൂട്ടർ എടുക്കാൻ എത്തിയ സുനിലിനെ യുവാക്കൾ തടഞ്ഞുവെച്ച് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.














Leave a Reply