കാസർകോട്: ജില്ലയിലെ വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയ ഡിസംബർ 15-നകം പൂർത്തിയാക്കാൻ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (CEO) ഡോ. ഡി. സജിത്ത് ബാബു നിർദ്ദേശം നൽകി. വിദ്യാനഗർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ജില്ലാതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർ പട്ടികയിലെ ആബ്സന്റ്, ഷിഫ്റ്റ്, ഡെത്ത് (ASD) വിഭാഗങ്ങളിലെ അപേക്ഷകളിൽ പൂർണ്ണമായും നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള മരണ രജിസ്റ്റർ പരിശോധിച്ച്, മരണപ്പെട്ടവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ഓരോ മാസവും കൃത്യമായി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലത്തില്ലാത്തവരും സ്ഥിരമായി മാറിപ്പോയവരുമായ വോട്ടർമാരെ കണ്ടെത്തി ഒഴിവാക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തണം. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകൾ തീർപ്പാക്കാതെ വച്ചുതാമസിപ്പിക്കുന്ന ബി.എൽ.ഒമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബി.എൽ.ഒമാരായി അധ്യാപകരെയും നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോളിംഗ് സ്റ്റേഷനുകളിൽ റാംപ്, ശുചിമുറി, കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണം. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത പോളിംഗ് സ്റ്റേഷനുകൾ കണ്ടെത്തി പുതിയവ സജ്ജീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം. കൂടാതെ, വിദ്യാലയങ്ങളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ സജീവമാക്കണമെന്നും അവ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
യോഗത്തിൽ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ്, എ.ഡി.എം പി. ഉദയകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. അജേഷ്, മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഇവിഎം-വിവിപാറ്റ് (EVM-VVPAT) വെയർഹൗസും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സന്ദർശന വേളയിൽ ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.














Leave a Reply