തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ച യുവാക്കൾ അറസ്റ്റിൽ

കാസർകോട്: തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. തങ്കയം സ്വദേശി ഷർബാസ് (22), പയ്യന്നൂർ പുഞ്ചക്കാട് സ്വദേശി മുഹമ്മദ് സാബിത്ത് (21) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മോഷണം നടന്നത്. ഇളമ്പച്ചി തലിച്ചാലം സ്വദേശിയായ അധ്യാപകൻ പി.വി. പ്രശോഭിന്റെ ബൈക്കാണ് സംഘം കവർന്നത്. രാവിലെ കാസർകോട്ടേക്ക് പോകാനായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനം നിർത്തിയിട്ടതായിരുന്നു പ്രശോഭ്. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.

തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പ്രതികളെക്കുറിച്ച് പുഞ്ചക്കാട് സ്വദേശിയായ ഒരാൾ ബൈക്ക് ഉടമയ്ക്ക് നിർണായക വിവരം നൽകി. തുടർന്ന് വിവരം സഹോദരനായ പൊലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയും പൊലീസ് സംഘമെത്തി പ്രതികളെ വലയിലാക്കുകയുമായിരുന്നു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മോഷ്ടിച്ച ബൈക്ക് ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തിയത്. വാഹനം പൂർണമായും കഷണങ്ങളാക്കിയ നിലയിലാണ് ആക്രിക്കടയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *