കാസർകോട്: പ്രസവ പരിചരണത്തിനെത്തിയ സ്ത്രീ 27-കാരിയായ യുവതിയുടെ നഗ്നദൃശ്യങ്ങളും ഫോട്ടോകളും രഹസ്യമായി പകർത്തി വാട്സാപ്പിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ കർണാടക സ്വദേശിനി സുലൈഖക്കെതിരെയാണ് പോലീസ് കേസെടുത്തത്.
യുവതിയുടെ പ്രസവ ശുശ്രൂഷയ്ക്കായി നിന്ന സുലൈഖ, സെപ്റ്റംബർ 7-നും 20-നും ഇടയിലുള്ള ദിവസങ്ങളിലാണ് നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയത്. പിന്നീട് സുലൈഖയുടെ മൊബൈൽ ഫോൺ പരാതിക്കാരി അവിചാരിതമായി പരിശോധിച്ചപ്പോഴാണ് തന്റെ നഗ്ന വീഡിയോകളും ഫോട്ടോകളും പകർത്തിയതായി കണ്ടത്. സുലൈഖ ഈ ദൃശ്യങ്ങൾ തന്റെ ഭർത്താവിനും മറ്റ് ചിലർക്കും വാട്സാപ്പ് വഴി അയച്ചുകൊടുത്തതായും വ്യക്തമായി. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയെന്ന ലക്ഷ്യത്തോടെയാണോ കർണാടക സ്വദേശിനിയും ഭർത്താവും മറ്റ് ചിലരും ഉൾപ്പെടുന്ന സംഘം ഇത്തരത്തിൽ വീഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്. കാസർകോട് പോലീസ് ഇൻസ്പെക്ടർ മെൽബിൻ ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പരാതിക്കാരിയുടെ വിശദമായ മൊഴി, നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ, വാട്സാപ്പ് ചാറ്റുകൾ എന്നിവ വിശദമായി പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.















Leave a Reply