കോട്ടയം: കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരവും കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന രേണുവിന് ഇനിയൊരു കീമോതെറാപ്പി കൂടി താങ്ങാനുള്ള ആരോഗ്യാവസ്ഥയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി സുഹൃത്തും റിയാലിറ്റി ഷോ താരവുമായ ശാരിക കെ.ബി. വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് ശാരിക ഈ വിവരം പങ്കുവെച്ചത്.
രേണുവിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ട് അപകടകരമാംവിധം താഴ്ന്നതിനെ തുടർന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും സ്ഥിതി അതീവ സങ്കീർണ്ണമാണെന്നും രേണുവിന്റെ സഹോദരി രമ്യ തന്നെ വിളിച്ച് അറിയിച്ചതായി ശാരിക വിഡിയോയിൽ പറയുന്നു.
ശാരികയുടെ വാക്കുകൾ:
“റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുള്ളതായിരിക്കും. ആ കയ്പ്പുള്ള യാഥാർഥ്യം എനിക്ക് നിങ്ങളോട് പറയേണ്ടി വരികയാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്, ക്രിട്ടിക്കലാണ്. പ്ലേറ്റ്ലെറ്റ് കൗണ്ട് വല്ലാതെ കുറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ അഡ്മിറ്റാണ്. രേണുവിന്റെ ചേച്ചിയാണ് വിളിച്ച് അവസ്ഥ മോശമാണെന്ന കാര്യം എന്നോട് പറയുന്നത്. അവൾക്ക് വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് പറയാനാണ് അവർ വിളിച്ചത്.”
രേണുവിന് ഇതുവരെ അഞ്ചോളം കനത്ത കീമോതെറാപ്പികൾ നൽകിയിരുന്നു. മുൻപ് ഓരോ കീമോ കഴിയുമ്പോഴും പത്ത് ദിവസം കടുത്ത അസ്വസ്ഥതകളോടെ കിടപ്പിലാവുമെങ്കിലും പിന്നീട് എഴുന്നേറ്റ് വിഡിയോകൾ ചെയ്യുമായിരുന്നു. എന്നാൽ അഞ്ചാമത്തെ കീമോ കഴിഞ്ഞതോടെ രേണുവിന്റെ ആരോഗ്യം പൂർണ്ണമായും തകരുകയും പത്ത് ദിവസം കഴിഞ്ഞിട്ടും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലാവുകയും ചെയ്തു.
ആഹാരം കഴിക്കാൻ പോലും സാധിക്കാത്തതിനെ തുടർന്ന് ശരീരത്തിൽ പിക്ക് ലൈൻ വഴിയാണ് പോഷകങ്ങൾ നൽകുന്നത്. അടുത്ത ഘട്ട കീമോ രേണുവിന് നൽകുന്നത് അതീവ അപകടകരമാണെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെയാണ് ഈ വിവരങ്ങൾ പങ്കുവെക്കുന്നതെന്നും, എല്ലാവരുടെയും ആത്മാർത്ഥമായ പ്രാർഥന രേണുവിന് തുണയാകുമെന്നും അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ശാരിക കൂട്ടിച്ചേർത്തു.
















Leave a Reply