കാസർകോട്: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചതായി പരാതി. മധൂർ കോട്ടക്കണ്ണി സ്വദേശി മുഹമ്മദ് ശിഹാബിനാണ് (35) ക്രൂരമായ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അബ്ദുൽ മനാഫ്, സാബിത്ത്, ഇല്യാസ് എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ശിഹാബിന്റെ സുഹൃത്തായ ‘അച്ചു’ എന്നറിയപ്പെടുന്ന പട്ട അഷ്റഫിന്റെ കൂട്ടാളികളാണ് അക്രമത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. വീടിനു സമീപത്തുള്ള ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന ശിഹാബിനെ, സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വന്തം കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഇരുമ്പ് വടി ഉപയോഗിച്ചും കൈകാലുകൾ കൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമത്തിൽ ശിഹാബിന്റെ കാലിന് സാരമായി പരിക്കേൽക്കുകയും മുൻനിരയിലെ പല്ല് കൊഴിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. തുടർന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി കാട്ടുപ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു. പരിക്കേറ്റ ശിഹാബ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മാസങ്ങൾക്ക് മുമ്പാണ് ശിഹാബ് സുഹൃത്തായ അഷ്റഫിന് പണം കടമായി നൽകിയത്. എന്നാൽ പലതവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാൻ അഷ്റഫ് തയ്യാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ആസൂത്രിതമായ അക്രമം അരങ്ങേറിയത്. അതേസമയം, പ്രതികൾക്കെതിരെ പൊലീസ് നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന് ശിഹാബ് ആരോപിച്ചു. മൂന്ന് വർഷം മുമ്പ് വിദേശത്തുനിന്നും നാട്ടിലെത്തിയ ശിഹാബ് ഇപ്പോൾ കൊച്ചിയിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് നാട്ടിൽ എത്തിയത്.













Leave a Reply