സദന് വീടൊരുക്കാൻ അക്ഷയ ബസ്സിന്റെ കാരുണ്യയാത്ര; കൈത്താങ്ങായി വിന്നേഴ്സ് ബേഡഡുക്ക ക്ലബ്ബും

കാസർഗോഡ്: അപ്രതീക്ഷിതമായി ഭൂമിക്കടിയിലുണ്ടായ ‘സോയിൽ പൈപ്പിങ്’ പ്രതിഭാസത്തിൽ സ്വപ്നഭവനം തകർന്നുപോയ കുറ്റിക്കോൽ ഒറ്റമാവങ്കാലിലെ സദന് പുതിയ വീടൊരുക്കാൻ അക്ഷയ ബസ് സംഘടിപ്പിച്ച കാരുണ്യയാത്രയ്ക്ക് നാടിന്റെ നിറഞ്ഞ പിന്തുണ. ഈ മഹത്തായ ജീവകാരുണ്യ ദൗത്യത്തിലേക്ക് വിന്നേഴ്സ് ബേഡഡുക്ക ക്ലബ്ബ് പ്രവർത്തകർ തങ്ങളുടെ സ്നേഹവും സഹായധനവും കൈമാറി.

വർഷങ്ങളോളം രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്തും, കടം വാങ്ങിയും സ്വർണം പണയംവെച്ചും ഒറ്റമാവങ്കാലിൽ സദൻ പണിതുയർത്തിയ വീടാണ് നിർമ്മാണം പൂർത്തിയായി താമസം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തകർച്ചയുടെ വക്കിലെത്തിയത്. സെപ്റ്റിക് ടാങ്കിനായി കുഴിയെടുത്തതിന് പിന്നാലെ ഭൂമിക്കടിയിലെ മണ്ണൊലിച്ച് വലിയൊരു ഗുഹ പോലെ വിള്ളൽ രൂപപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് ‘സോയിൽ പൈപ്പിങ്’ (കുഴലീകൃത മണ്ണൊലിപ്പ്) ഉണ്ടായതായും വീട് വാസയോഗ്യമല്ലെന്നും വ്യക്തമായത്.

കണ്ണീരിലായ ആ കുടുംബത്തിന് സുരക്ഷിതമായ ഒരു പുതിയ വീടെന്ന സ്വപ്നം തിരികെ നൽകാൻ അക്ഷയ ബസ് മുന്നിട്ടിറങ്ങി സംഘടിപ്പിച്ച കാരുണ്യയാത്ര നാടിന്റെ വലിയൊരു കൂട്ടായ്മയായി മാറുകയായിരുന്നു. സദന്റെ കുടുംബത്തിന് കരുത്തേകാൻ തങ്ങളുടേതായ ചെറിയൊരു പങ്കാളിത്തം വഹിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്നും, ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നാടൊന്നാകെ കൈകോർക്കണമെന്നും സഹായധനം കൈമാറിക്കൊണ്ട് വിന്നേഴ്സ് ബേഡഡുക്ക ക്ലബ്ബ് ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *