കാസർകോട്: ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാർ പോയ സമയത്ത് യുവാവ് കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചു. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ നീർച്ചാൽ പട്ടാജെ സ്വദേശി രഞ്ജിത്ത് (29) ആണ് ജീവനൊടുക്കിയത്. ചെനിയപ്പ നായ്ക്കിന്റെ മകനാണ്.
ഇന്നലെ (ബുധൻ) പുലർച്ചെ അഞ്ചുമണിക്കും രാത്രി 8.30-നും ഇടയിലാണ് സംഭവം നടന്നത്. പുലർച്ചെ വീട്ടുകാർ ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനായി പോയിരുന്നു. ഈ സമയം രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി വീട്ടുകാർ തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ചവിട്ടിത്തുറന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് രഞ്ജിത്തിനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ താഴെയിറക്കി കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായിരുന്നു രഞ്ജിത്ത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ബദിയഡുക്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- മാതാവ്: ശ്യാമള
- സഹോദരങ്ങൾ: സുജിത്ത്, സുപ്രിത
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക, മാനസിക പിന്തുണക്കായി വിളിക്കൂ: 1056, 0471-2552056)













Leave a Reply