കാസർകോട്: സ്ഥാനമൊഴിഞ്ഞിട്ടും നൽകിയ വാക്ക് മറക്കാതെ, വൃദ്ധസദനത്തിലെ അമ്മമാരുടെ സ്വപ്നം സാക്ഷാത്കരിച്ച് മുൻ കാസർകോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. പരവനടുക്കം ഗവ. വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി കോട്ടപ്പുറം വലിയപറമ്പ് കായലിൽ അദ്ദേഹം ഹൗസ് ബോട്ട് യാത്രയൊരുക്കി.
കഴിഞ്ഞ ദിവസം വൃദ്ധസദനം സന്ദർശിച്ച വേളയിലാണ് പുറംലോകം കാണാനും യാത്ര ചെയ്യാനുമുള്ള ആഗ്രഹം അന്തേവാസികളായ അമ്മമാർ കളക്ടറോട് പങ്കുവെച്ചത്. ജീവിതത്തിൽ ഇന്നുവരെ ബോട്ടിൽ കയറാത്ത ഒരാൾ തങ്ങളുടെ കൂട്ടത്തിലുണ്ടെന്ന കാര്യവും അവർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ വാക്കുകൾ മനസ്സിൽ സൂക്ഷിച്ച അർജുൻ പാണ്ഡ്യൻ, കാസർകോട് ജില്ലാ കളക്ടറുടെ ഔദ്യോഗിക ചുമതലകൾ കൈമാറിയ ഉടൻ തന്നെ ഇവർക്കായി യാത്ര സംഘടിപ്പിക്കുകയായിരുന്നു.
ജില്ലയിലെ ലീഡ് ബാങ്കായ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാണ് യാത്രയ്ക്കുള്ള സൗകര്യങ്ങൾ സജ്ജീകരിച്ചത്. വൃദ്ധസദനത്തിലെ 25 അന്തേവാസികൾ വലിയപറമ്പ് കായലിന്റെ സൗന്ദര്യം നുകർന്ന് ഹൗസ് ബോട്ട് യാത്ര അവിസ്മരണീയമാക്കി. ഒരു മകനെപ്പോലെ മുഴുവൻ സമയവും അവരുടെ കാര്യങ്ങൾ ശ്രദ്ധിച്ചും സ്നേഹം പങ്കിട്ടും മുൻ കളക്ടറും ഒപ്പമുണ്ടായിരുന്നു.
യാത്രയിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ ഷെബീർ ഖാൻ, കേരള ഫെല്ലോ അർജുൻ, കളക്ടറുടെ ഇന്റേൺസ് എന്നിവർക്കൊപ്പം കാസർകോട് ഗവ. കോളേജിലെ പത്ത് എൻ.എസ്.എസ് (NSS) വളണ്ടിയർമാരും വയോജനങ്ങൾക്ക് ആവശ്യമായ സഹായങ്ങളുമായി കൂടെയുണ്ടായിരുന്നു. ഉദ്യോഗസ്ഥതലത്തിലെ കൃത്യനിർവഹണത്തിനപ്പുറം കാരുണ്യത്തിന്റെയും കരുതലിന്റെയും മാതൃകയായി മാറിയ ഈ യാത്ര വലിയ സന്തോഷത്തോടെയാണ് വയോജനങ്ങൾ സ്വീകരിച്ചത്.













Leave a Reply