പാണത്തൂർ പ്ലാന്റേഷൻ തോട്ടത്തിൽ മാൻവേട്ട: 40 കിലോ മാനിറച്ചിയും തോക്കുമായി കർണാടക സ്വദേശി പിടിയിൽ

കാസർകോട്: പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള പാണത്തൂരിലെ തോട്ടത്തിൽ വന്യമൃഗവേട്ട നടത്തിയ സംഘത്തിലെ ഒരാൾ വനപാലകരുടെ പിടിയിലായി. കർണാടക കരിക്കെ സ്വദേശി സിദ്ദീഖ് (58) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് വേട്ടയാടിയ മാനിന്റെ 40 കിലോ ഇറച്ചിയും നാടൻ തോക്കും (കള്ളത്തോക്ക്) പിടിച്ചെടുത്തു.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ പ്ലാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടത്തിലാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് വനപാലക സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. തോക്കിന് പുറമെ വേട്ടയ്ക്ക് ഉപയോഗിച്ച രണ്ട് ടോർച്ച് ലൈറ്റുകളും രണ്ട് കത്തികളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വനംവകുപ്പ് അന്വേഷിച്ചുവരികയാണ്.

ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ്) രാജു എം.പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വി. പ്രകാശൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ (BFO) വി. വിനീത്, ഡി. വിമൽ രാജ്, പ്രവീൺ കുമാർ ജി.എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *