കൊല്ലം ഇഎസ്‌ഐ ആശുപത്രിയിൽ 16-കാരിക്ക് നേരെ ലൈംഗികാതിക്രമം; നഴ്സും യൂട്യൂബറുമായ മിഗ്ദാദ് പോക്സോ കേസിൽ അറസ്റ്റിൽ

കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിപ്പുകാരനായി എത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ് ഓഫീസർ പോക്സോ കേസിൽ അറസ്റ്റിലായി. ആശുപത്രിയിലെ നഴ്സും യൂട്യൂബറുമായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിഗ്ദാദ് (38) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ എട്ടാം തീയതി പുലർച്ചെയായിരുന്നു സംഭവം. ആശുപത്രിയിലെ ലിഫ്റ്റിൽ വെച്ച് ഇയാൾ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ കൊല്ലം ഈസ്റ്റ് പൊലീസ്, ഇന്നലെ രാത്രിയോടെ ആശുപത്രി പരിസരത്തു നിന്നുതന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ പോക്സോ നിയമത്തിലെ കർശന വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *