കാസർകോട്: ദേശീയപാത വികസനത്തിൻ്റെ പേരിൽ ചെർക്കള ടൗണിലെ റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസങ്ങളായിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കരാർ കമ്പനിയായ ‘മേഘ’ക്കെതിരെ ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉപരോധ സമരം നടത്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ചെർക്കള ദേശീയപാതയിൽ ഫ്ലൈഓവർ ആരംഭിക്കുന്നതിന് സമീപത്താണ് ജനപ്രതിനിധികളും നാട്ടുകാരും അണിനിരന്ന ശക്തമായ ഉപരോധ സമരം അരങ്ങേറിയത്.
ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി റോഡ് തകർത്ത് മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കാൻ കരാർ കമ്പനി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഭരണസമിതിയുടെ ആക്ഷേപം. റോഡ് അറ്റകുറ്റപ്പണി നടത്തുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർക്കും നാട്ടുകാർക്കും കമ്പനി നൽകിയ ഉറപ്പുകൾ നിരന്തരമായി ലംഘിക്കുകയായിരുന്നു. ഇതോടെയാണ് അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ പഞ്ചായത്ത് ഭരണസമിതി നേരിട്ട് സമരരംഗത്തേക്ക് ഇറങ്ങിയത്.
സമരത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതക്കുരുക്കും ഉണ്ടായി. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ദേശീയപാത നിർമാണ പ്രവൃത്തികൾ പൂർണമായി തടയുന്നത് ഉൾപ്പെടെയുള്ള കടുത്ത സമരമുറകളിലേക്ക് കടക്കുമെന്നും ഭരണസമിതി മുന്നറിയിപ്പ് നൽകി. ചെങ്കള ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, നാട്ടുകാർ എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.














Leave a Reply