കുമ്പളയിൽ തുറന്നിട്ട ഓവുചാലിൽ വീണ് പ്രവാസി യുവാവിന് പരിക്ക്; അടിയന്തര നടപടി വേണമെന്ന് ആവശ്യം

കുമ്പള: കുമ്പള റെയിൽവേ സ്റ്റേഷന് സമീപം സ്ലാബുകൾ ഇടാതെ തുറന്ന നിലയിൽ കിടക്കുന്ന ഓവുചാലുകൾ കാൽനടയാത്രക്കാർക്ക് വലിയ അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ഓവുചാലിൽ കാൽ കുരുങ്ങി വീണ് പ്രവാസിയായ യുവാവിന് പരിക്കേറ്റു. ഷിറിയ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്.

അപകടത്തിൽ കാലിന് പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ മാസം അവസാനം അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാനിരിക്കെയാണ് യുവാവിന് ദാരുണമായ ഈ അപകടം സംഭവിച്ചത്.

കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്തും ദേശീയപാതയോരങ്ങളിലും ഓവുചാലുകൾ പലയിടത്തും സ്ലാബുകൾ ഇടാതെ അപകടകരമായ രീതിയിലാണ് കിടക്കുന്നത്. ഇതിനുപുറമെ, ദേശീയപാതയിലെ നടപ്പാതകളിൽ വൈദ്യുതി തൂണുകളും മറ്റും സ്ഥാപിച്ചിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണെന്നും പരാതിയുണ്ട്.

കാൽനടയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം അനാസ്ഥകൾക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പൊതുപ്രവർത്തകൻ മൂസ അട്ക ആവശ്യപ്പെട്ടു. എത്രയും വേഗം ഓവുചാലുകൾക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *