കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി രാജപുരത്തെ സ്‌കൂൾ വിദ്യാർത്ഥികൾ; നാടിന് മാതൃകയായി അശ്വജിത്തും അശ്വൻ രാജും

കാസർകോട്: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി രാജപുരത്തെ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ നാടിന് മാതൃകയായി. രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അശ്വജിത്ത്, അശ്വൻ രാജ് എന്നിവരാണ് സത്യസന്ധതയുടെയും നന്മയുടെയും നേർക്കാഴ്ചയായി മാറിയത്.

ജി.പി.എം.എച്ച് ബോയ്‌സ്‌ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ഇരുവരും, രാവിലെ സ്‌കൂളിലേക്ക് നടന്നുപോകുന്ന വഴിക്കാണ് റോഡിൽ പണം വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. പണം കൈക്കലാക്കാൻ ഒരു നിമിഷം പോലും മുതിരാതെ, ഇരുവരും തുക സുരക്ഷിതമായി രാജപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പണം നഷ്ടപ്പെട്ടത് രാജപുരം പാലങ്കല്ല് സ്വദേശി തോമസിനാണെന്ന് വ്യക്തമായി. പൊലീസ് സ്റ്റേഷനിൽ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തോമസിന്, പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുട്ടികൾ നേരിട്ട് പണം കൈമാറി. വിദ്യാർത്ഥികളുടെ ഈ സദ്പ്രവൃത്തിയെയും സത്യസന്ധതയെയും രാജപുരം പൊലീസും നാട്ടുകാരും അധ്യാപകരും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *