കാസർകോട്: ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. 14.37 ഗ്രാം എംഡിഎംഎയുമായി യുവാവിനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഉദിനൂർ പരത്തിച്ചാൽ ടി.സി.എ.ആർ മൻസിലിലെ എ.സി. മുഹമ്മദ് സബീർ (44) ആണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ കളനാട് ഇടുവുങ്കാലിൽ മേൽപ്പറമ്പ് എസ്.ഐ ടി. അഖിലിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. കാസർകോട് ഭാഗത്തുനിന്ന് എത്തിയ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗതയിൽ മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം കാറിനെ പിന്തുടർന്ന് കളനാട് വെച്ച് തടഞ്ഞുനിർത്തി. വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് 14.37 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബേക്കൽ സി.ഐ പി. അജിത് കുമാറിനാണ് അന്വേഷണ ചുമതല.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കാസർകോട് നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്തിട്ടുള്ളതായി പ്രതി വെളിപ്പെടുത്തി. ഈ വിവരം മേൽപ്പറമ്പ് പൊലീസ് കാസർകോട് ടൗൺ പൊലീസിന് കൈമാറി. ടൗൺ പൊലീസ് ലോഡ്ജിലെത്തി മുറി പരിശോധിച്ചപ്പോൾ 4 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു. ഈ സംഭവത്തിൽ കാസർകോട് ടൗൺ പൊലീസും മുഹമ്മദ് സബീറിനെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്.














Leave a Reply