കാഞ്ഞങ്ങാട് നിട്ടടുക്കത്ത് 2000 വർഷം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിട്ടടുക്കത്ത് രണ്ടായിരം വർഷം പഴക്കമുള്ള മഹാശിലാ കാലഘട്ടത്തിലെ (Megalithic Period) ചെങ്കല്ലറ (Rock-cut cave) കണ്ടെത്തി. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് തന്നെ കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളും മനുഷ്യവാസ കേന്ദ്രമായിരുന്നു എന്നതിന് നിർണായക തെളിവാകുന്നതാണ് ഈ ചരിത്രാവശിഷ്ടം. വിപ്രോ ഉദ്യോഗസ്ഥനായ നിട്ടടുക്കം ചിത്തിരയിൽ എൻ. സജിത്ത് കുമാറിന്റെ വീട്ടുപറമ്പിലാണ് അപൂർവ്വമായ ഈ ചെങ്കല്ലറ കണ്ടെത്തിയത്.

കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം മേധാവിയും ചരിത്ര ഗവേഷകനുമായ ഡോ. നന്ദകുമാർ കോറോത്ത് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും കണ്ടെത്തിയത് മഹാശിലാ സംസ്കാര കാലഘട്ടത്തിലെ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

മഹാശിലാ സംസ്കാരത്തിന്റെ ശേഷിപ്പ്

മഹാശിലാ കാലഘട്ടത്തിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി നിർമ്മിക്കപ്പെട്ടിരുന്നവയാണ് ഇത്തരം ചെങ്കല്ലറകൾ. മരിച്ചവരുടെ ഭസ്മം, അസ്ഥികൾ, അവർ ഉപയോഗിച്ചിരുന്ന വസ്തുക്കൾ എന്നിവ മൺപാത്രങ്ങളിലാക്കി ഇരുമ്പ് ആയുധങ്ങൾക്കൊപ്പം അടക്കം ചെയ്യുന്നതായിരുന്നു അന്നത്തെ രീതി.

ചെങ്കൽപാറ തുരന്നാണ് ഈ അറ നിർമ്മിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ള ഉൾഭാഗത്ത് നിന്ന് പുറത്തേക്കുള്ള കവാടം കല്ലുകൊണ്ട് അടച്ച നിലയിലാണ്. സാധാരണയായി ഇത്തരം അറകൾക്ക് ഉണ്ടാകാറുള്ള പടികൾ മണ്ണുമൂടിക്കിടക്കുകയാണ്. ഒരാൾക്ക് ഗുഹയിലേക്ക് ഊഴ്ന്നിറങ്ങാൻ പാകത്തിലുള്ള പ്രവേശന ദ്വാരവും ഇവിടെയുണ്ട്. ദ്വാരം അടയ്ക്കാൻ ഉപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള അടപ്പ് താഴെ വീണ നിലയിലാണ് കണ്ടെത്തിയത്. ഇതിന് പകരമായി ഏകദേശം 75 വർഷങ്ങൾക്ക് മുൻപ് സ്ഥലമുടമകൾ ഒരു വലിയ പാറക്കഷണം ഇതിന് മുകളിലേക്ക് കയറ്റി വെച്ചതാകാമെന്ന് കരുതപ്പെടുന്നു.

രണ്ട് മീറ്റർ ആഴം, വൃത്താകൃതിയിലുള്ള നിർമ്മിതി

ചെങ്കല്ലറയുടെ മുകൾഭാഗത്ത് മധ്യത്തിലായി 50 സെൻ്റീമീറ്റർ വ്യാസത്തിൽ വൃത്താകൃതിയിലുള്ള ഒരു ദ്വാരമുണ്ട്. രണ്ട് മീറ്റർ ആഴത്തിലുള്ള ഈ പ്രവേശന കവാടത്തിന് താഴെയായി വൃത്താകൃതിയിലാണ് പ്രധാന ചെങ്കല്ലറ സ്ഥിതി ചെയ്യുന്നത്. അറയുടെ ഉൾഭാഗം പൂർണ്ണമായും മണ്ണു മൂടിക്കിടക്കുന്നതിനാൽ നിലവിൽ മൺപാത്രങ്ങളോ മറ്റ് പുരാവസ്തുക്കളോ പുറത്തു കാണാൻ സാധിക്കുന്നില്ലെന്നും കൂടുതൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നും ഡോ. നന്ദകുമാർ കോറോത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *