കുമ്പളയിൽ പൊലീസിനെ കണ്ട് മണൽക്കടത്ത് സംഘം പുഴയിൽ ചാടി; ഒരാളെ കാണാതായി

കുമ്പള: ഷിറിയ പുഴയോരത്ത് പൊലീസിനെ കണ്ട് ഭയന്നോടി പുഴയിൽ ചാടിയ മണൽക്കടത്ത് സംഘത്തിലെ ഒരാളെ കാണാതായി. രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ആരിക്കാടി കടവത്ത് കുന്നിൽ വീട്ടിൽ അബ്ദുൽ ഖാദർ–സൈബ ദമ്പതികളുടെ മകൻ ഇബ്രാഹിമിനെ (26) ആണ് കാണാതായത്.

കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് ഷിറിയ പുഴയോരത്ത് കുമ്പള പൊലീസ് പരിശോധനയ്ക്കെത്തിയതായിരുന്നു. പൊലീസിനെ കണ്ടതോടെ മൂന്നംഗ സംഘം പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. ഇതിൽ രണ്ട് പേർ നീന്തി കരപറ്റിയെങ്കിലും ഇബ്രാഹിം ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.

വിവരമറിഞ്ഞ് കുമ്പള പൊലീസും ഉപ്പളയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇബ്രാഹിമിനെ കണ്ടെത്താനായില്ല. തുടർന്ന് വെളിച്ചക്കുറവ് മൂലം രാത്രിയോടെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ മുതൽ ഫയർഫോഴ്സും പൊലീസും ചേർന്ന് പുഴയിൽ വീണ്ടും വിപുലമായ തിരച്ചിൽ പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *