കൊയ്യോട് ഉമർ മുസ്‌ലിയാർ കാസർകോട് സംയുക്ത ജമാഅത്ത് ഖാസി

കാസർകോട്: പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ ട്രഷററുമായ കൊയ്യോട് ഉമർ മുസ്‌ലിയാരെ കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയായി തെരഞ്ഞെടുത്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ഖാസിയെ നിശ്ചയിച്ചത്.

സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എൻ.എ. നെല്ലിക്കുന്നിന്റെ അധ്യക്ഷതയിൽ ചേർന്ന സംയുക്ത യോഗത്തിലാണ് ഐകകണ്ഠ്യേനയുള്ള ഈ തീരുമാനം. സംയുക്ത മുസ്ലിം ജമാഅത്ത് പ്രവർത്തക സമിതി അംഗങ്ങൾ, മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി കൗൺസിലർമാർ, സംയുക്ത ജമാഅത്തിന് കീഴിലുള്ള അംഗ മഹല്ലുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പുതിയ ഖാസിയുടെ സ്ഥാനാരോഹണ തീയതി ഉടൻ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നിശ്ചയിക്കും.

നിലവിൽ സമസ്ത കേന്ദ്ര മുശാവറ ട്രഷറർ, വിദ്യാഭ്യാസ ബോർഡ് ജോയിന്റ് സെക്രട്ടറി, എസ്.എൻ.ഇ.സി (SNEC) ഗവേണിംഗ് ബോർഡ് കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഉമർ മുസ്‌ലിയാർ പെരിങ്ങത്തൂർ, കർണാടകയിലെ മൂഡിഗരെ തുടങ്ങിയ മഹല്ലുകളുടെ ഖാസി കൂടിയാണ്. കൊയ്യോട് ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായിരുന്ന പരേതനായ കൊയ്യോട് മൊയ്തീൻ കുട്ടി മുസ്‌ലിയാരുടെ പുത്രനാണ്. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വവും വഹിക്കുന്നുണ്ട്.

യോഗത്തിൽ ഖത്തീബ് അബ്ദുൽ മജീദ് ബാഖവി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ സ്വാഗതം ആശംസിച്ചു. സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റും മാലിക് ദീനാർ ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റുമായ യഹ്‌യ തളങ്കര മുഖ്യപ്രഭാഷണം നടത്തി.

കരീം സിറ്റി ഗോൾഡ്, മുഹമ്മദ് കുഞ്ഞി ചായിന്റടി, കെ.ബി. മുഹമ്മദ് കുഞ്ഞി, മജീദ് പട്‌ള, എം.എ.എച്ച്. മഹ്മൂദ്, കെ.എ. മുഹമ്മദ് ബഷീർ, യു. സഹദ് ഹാജി, സിദ്ദീഖ് നദ്‌വി ചേരൂർ, അഷ്‌റഫ് പള്ളിക്കണ്ടം, ഹമീദ് മിഹ്‌റാജ്, കെ.എം. അബ്ദുറഹിമാൻ, ടി.എ. ഷാഫി, മൊയ്നുദ്ദീൻ കെ.കെ.പുറം, സി. അബ്ദുള്ള കുഞ്ഞി ഹാജി, എ.ബി. ഷാഫി, മഹ്മൂദ് ഹാജി എരിയപ്പാടി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *