ബന്തിയോട് യുവ വ്യാപാരിയെ ആക്രമിച്ച് കാറും ഐഫോണും തട്ടിയെടുത്തു

കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്തിയോട്ട് യുവാവിനെ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച ശേഷം കാറും ഐഫോണും തട്ടിക്കൊണ്ടുപോയി. ബന്തിയോട്ടും ബെംഗളൂരുവിലും വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന മള്ളങ്കൈ സ്വദേശി അലി മുക്താദിനാണ് (34) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകുന്നേരം അടുക്ക, ഗുർമ പൊതുശ്മശാനത്തിന് സമീപമാണ് സംഭവം നടന്നത്. ബന്തിയോട്ടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന അലി മുക്താദിനെ ഗുർമയിൽ വെച്ച് മൂന്നംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് അരലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വിസമ്മതിച്ചതോടെ കാറിൽ നിന്ന് വലിച്ച് പുറത്തിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.

തുടർന്ന് അക്രമികൾ കാറും വിലപിടിപ്പുള്ള ഐഫോണുമായി കടന്നുകളഞ്ഞു. റോഡിൽ പരിക്കേറ്റു കിടന്ന അലി മുക്താദിനെ അതുവഴിയെത്തിയ മറ്റ് വാഹനയാത്രക്കാരാണ് ആദ്യം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷംസീർ, അയാസ് എന്നിവരും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് അലി മുക്താദ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *