ചട്ടഞ്ചാൽ സ്കൂളിലെ ഓണാഘോഷത്തിനിടെ സംഘർഷം: പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചവർക്കെതിരെ കടുത്ത നടപടി

കാസർകോട്: ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഓണാഘോഷത്തിനിടെയുണ്ടായ അക്രമ സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. വെള്ളിയാഴ്‌ച സ്കൂളിന് പുറത്തുവെച്ചാണ് സംഭവം നടന്നത്. അക്രമത്തിന് പിന്നാലെ ആരോപണവിധേയരായ വിദ്യാർഥികളെ സ്കൂ‌ളിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ സ്കൂൾ അച്ചടക്ക സമിതി തീരുമാനിച്ചു.

ഡ്രസ് കോഡിനെച്ചൊല്ലി തർക്കം

ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡിന്റെ പേരിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്ലസ് ടു വിദ്യാർഥികളിൽ ചിലർ ചേർന്ന് പ്ലസ് വൺ വിദ്യാർഥികളെ സ്കൂളിന് പുറത്തുവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ നാല് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പരിക്കേറ്റ കുട്ടികളുടെ രക്ഷിതാക്കൾ മേൽപ്പറമ്പ് പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

പോലീസും പിടിഎയും രംഗത്ത്

സംഭവമറിഞ്ഞ് മേൽപ്പറമ്പ് എസ്.ഐ. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് സ്കൂളിൽ ചേർന്ന അടിയന്തര അച്ചടക്ക സമിതി യോഗത്തിലാണ് അക്രമത്തിൽ പങ്കാളികളായ വിദ്യാർഥികളെ സ്കൂളിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനമെടുത്തത്.

പി.ടി.എ പ്രസിഡന്റ് പി.കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ശൈലജ കെ. ഗോപാലൻ, വൈസ് പ്രസിഡന്റ് അബ്ദുൾ ഖാദർ ചട്ടഞ്ചാൽ, മജിദ് ബണ്ടിച്ചാൽ, എൻ. ഉണ്ണികൃഷ്ണൻ, എ. സുനിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *