പെരിയ: മൈതാനം നവീകരണത്തിന്റെ സാധ്യതകൾ കണ്ടെത്താൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങിയ സംഘം പെരിയ വില്ലേജിലെ കാലിയടുക്കത്ത് എത്തി. കുമ്പള പാറപ്പള്ളി റോഡരികിലെ സ്ഥലത്താണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് കളക്ടർ അർജുൻ പാണ്ഡ്യൻ ഇതുവഴി പോയപ്പോൾ കാർ നിർത്തി പന്തുകളിക്കുന്ന കുട്ടിളെ കണ്ടിരുന്നു. വർഷങ്ങളായി സമീപത്തെ ശ്രീവിഷ്ണു ക്ലബിലെ കുട്ടികൾ ഇവിടെ കളിക്കാൻ ഉപയോഗിക്കാറുണ്ട്. ഇതിന് പിന്നാലെ വെള്ളിയാഴ്ച കളക്ടറുടെ നിർദേശപ്രകാരം കായികവകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവരും കാലിയടുക്കത്ത് എത്തുകയായിരുന്നു.
പൊതു ആവശ്യത്തിനായി ഉപയോഗിക്കാവുന്ന ഒരേക്കറോളം സർക്കാർഭൂമിയുണ്ടെന്ന് പെരിയ വില്ലേജ് ഓഫീസർ എം. മധുകുമാർ പറഞ്ഞു. വില്ലേജ് ഓഫീസിൽനിന്ന് സ്ഥലത്തിൻ്റെ സ്കെച്ച് ലഭിക്കുന്ന മുറയ്ക്ക് മൈതാനത്തിൻ്റെ അടിസ്ഥാനസൗകര്യങ്ങളുടെ വികസന സാധ്യത സംബന്ധിച്ച റിപ്പോർട്ട് കളക്ടർക്ക് നൽകുമെന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എൻജിനീയർ എം. ശ്രീനിധി വ്യക്തമാക്കി.
സംഘത്തിൽ പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡൻറ് ഡോ. സി.കെ. സബിത, വികസനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ കെ.പി. ദീപ, പഞ്ചായത്ത് അംഗം എ. വേണു, പഞ്ചായത്ത് സെക്രട്ടറി എ. സുദേവൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റൻറ് എൻജിനീയർ അശ്വതി ജി കൃഷ്ണൻ, തൊഴിലുറപ്പ് പദ്ധതി എൻജിനീയർ എം. മനോജ് കുമാർ, മുൻ പഞ്ചായത്ത് അംഗങ്ങളായ ശശിധരൻ തന്നിത്തോട്, കെ. കൊട്ടൻ, എം. കുമാരൻ എന്നിവരും ഉണ്ടായിരുന്നു.















Leave a Reply