കാസർകോട്: ഓണനാളുകളിൽ കാസർകോട് ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി ഞായറാഴ്ച (23-ാം തീയതി) കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഈ മാസം 25 വരെ ഒറ്റപ്പെട്ട നേരിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. 23-ന് കാസർകോട് ഉൾപ്പെടെ നാലു വടക്കൻ ജില്ലകളിലും, തിങ്കളാഴ്‌ച മധ്യകേരളത്തിലും മഴ ശക്തമായേക്കും.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:
- ഞായർ (23): കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്
- തിങ്കൾ: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
- ചൊവ്വ: കോട്ടയം, ഇടുക്കി, എറണാകുളം
മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
മഴ വീണ്ടും സജീവമാകാൻ കാരണം
- വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലവിൽ ന്യൂനമർദ്ദം തുടരുന്നു.
- വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.
- വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തിന് സമീപം, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്.
ഇവയുടെ സ്വാധീനഫലമായാണ് കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ മഴ വീണ്ടും ശക്തിപ്രാപിക്കുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.













Leave a Reply