മഞ്ചേശ്വരം: മഞ്ചേശ്വരത്ത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. മിയാപദവ് മദങ്കള സ്വദേശി അബ്ദുൽ റഹ്മാൻ സിനാൻ (23) ആണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.
2024-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മിയാപദവ് മദങ്കള സ്വദേശിയായ ആരിഫ് (26) ആണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ആരിഫിനെ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.
സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇതിൽ രണ്ടുപേരെ നേരത്തെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് ബംഗളൂരു കെംപെഗൗഡ വിമാനത്താവളത്തിലെത്തിയാണ് സിനാനെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി.
നിലവിൽ ബംഗളൂരു കെംപെഗൗഡ എയർപോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ തന്നെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കും. കേസിൽ ഇനി പിടിയിലാകാനുള്ള മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.












Leave a Reply