കുമ്പള: ഷിറിയയിലെ അപകടക്കെണിയായ മരം മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ അനാവശ്യ വിവാദങ്ങൾക്കില്ലെന്നും ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും പി.ഡി.പി (PDP) നേതാക്കൾ വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ പേര് പരാമർശിച്ചുള്ള ചർച്ചകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ചർച്ചകളിൽ സന്തോഷമുണ്ടെങ്കിലും വാസ്തവവിരുദ്ധമായ പ്രചാരണങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ലെന്നും, സംഭവത്തിന്റെ സത്യാവസ്ഥ പ്രദേശത്തെ പൊതുജനങ്ങൾക്കെല്ലാം അറിയാമെന്നും പാർട്ടി അഭിപ്രായപ്പെട്ടു.
തൊട്ടടുത്തുള്ള മദ്രസ വിദ്യാർത്ഥികൾ, അങ്കണവാടിയിലെ കുരുന്നുകൾ, കാൽനടയാത്രക്കാർ, പ്രദേശവാസികൾ എന്നിവരുടെ ജീവന് ഭീഷണിയായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി മരം എത്രയും വേഗം മുറിച്ചുമാറ്റണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടത്. വിഷയത്തിൽ ജനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പാർട്ടി നിലകൊള്ളുകയായിരുന്നു.
ഒടുവിൽ അപകടമരം നീക്കം ചെയ്യാൻ അധികൃതർ തയ്യാറായത് പ്രദേശവാസികളുടെ നിരന്തര പോരാട്ടത്തിന്റെ വിജയമായാണ് പി.ഡി.പി വിലയിരുത്തുന്നത്. ജനകീയ പ്രശ്നങ്ങളിലും പൊതുവിഷയങ്ങളിലും സജീവമായി ഇടപെടുക എന്നത് രാഷ്ട്രീയ-പൊതുപ്രവർത്തകരുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. ആ കടമ മാത്രമാണ് തങ്ങൾ നിർവഹിച്ചതെന്നും ഇതിൽ മറ്റ് വിവാദങ്ങൾക്ക് തങ്ങളില്ലെന്നും പി.ഡി.പി നേതാക്കൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.













Leave a Reply