കുഴികളിൽനിന്ന് കുഴികളിലേക്ക്; പടന്നക്കാട്, പള്ളിക്കര മേൽപ്പാലങ്ങളിൽ യാത്രാദുരിതം രൂക്ഷം

നീലേശ്വരം / ഉദുമ: കാസർകോട് ജില്ലയിലെ രണ്ട് പ്രധാന റെയിൽവേ മേൽപ്പാലങ്ങളായ ദേശീയപാതയിലെ പടന്നക്കാട്ടും സംസ്ഥാനപാതയിലെ പള്ളിക്കരയിലും യാത്രക്കാർ അനുഭവിക്കുന്നത് കൊടുംദുരിതം. ഇരു മേൽപ്പാലങ്ങളിലെയും റോഡുകൾ പൂർണ്ണമായും തകർന്ന് കുഴികൾ നിറഞ്ഞ നിലയിലാണ്. ഓണക്കാലമായതോടെ നിരത്തുകളിൽ വാഹനത്തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ മേൽപ്പാലങ്ങളിലെ ഗതാഗതക്കുരുക്കും അപകടസാധ്യതയും ഇരട്ടിയായി.

കുഴിയടക്കൽ പ്രഹസനം; വീണ്ടും തകർന്ന് റോഡ്

ദേശീയപാതയിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലങ്ങളിലൊന്നായ പടന്നക്കാട്ട്, മഴ ആരംഭിച്ചതിനുശേഷം പലതവണ കുഴികൾ അടച്ചെങ്കിലും ദിവസങ്ങൾക്കകം റോഡ് വീണ്ടും പഴയപടിയാവുകയാണ്. അറ്റകുറ്റപ്പണികളിലെ ഗുണനിലവാരമില്ലായ്‌മയാണ് റോഡ് വീണ്ടും തകരാൻ കാരണമെന്ന് നാട്ടുകാരും യാത്രക്കാരും ആരോപിക്കുന്നു. ഇതിനുപുറമെ, എക്‌സ്‌പാൻഷൻ ജോയിന്റുകളിലെ ലോഹപാളികൾ ഇളകിമാറിയ നിലയിലാണ്. ഇത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിന് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

ഇരുചക്രവാഹനങ്ങൾക്ക് അപകടക്കെണി

കാഞ്ഞങ്ങാട്ടുനിന്ന് പടന്നക്കാട് മേൽപ്പാലത്തിലേക്ക് കയറുന്ന ഭാഗം മുതൽ പള്ളിക്കര മേൽപ്പാലം വരെ കുരുക്കും പൊടിയും ചെളിയുമെല്ലാമായി ദുരിതപൂർണ്ണമാണ് യാത്ര.

  • ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ചെറുകാറുകളുമാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
  • കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.
  • പാലത്തിലെ വലിയ കുഴികൾ കാരണം വാഹനങ്ങൾ വേഗത കുറയ്ക്കുന്നത് കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് വഴിവെക്കുന്നു.

നടപടികൾ ഫയലിലുറങ്ങുന്നു

നേരത്തെ കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയർമാനായിരുന്ന ബിൽടെക് അബ്‌ദുല്ല പടന്നക്കാട് മേൽപ്പാലത്തിലെ യാത്രാദുരിതം ജില്ലാ വികസനസമിതിയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്‌ടർ, സബ് കളക്ടർ, എൻ.എച്ച്.എ.ഐ (NHAI) അധികൃതർ, കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷൻസ് പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. നിർമാണത്തിലെ അശാസ്ത്രീയത കാരണം എക്സ‌്‌പാൻഷൻ ജോയിൻ്റുകൾക്കിടയിൽ വലിയ അകലം രൂപപ്പെട്ടതായി അന്ന് കണ്ടെത്തിയിരുന്നെങ്കിലും ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *