കാസർകോട്: കൊറക്കോട്ടെ കടയ്ക്ക് സമീപം 15 വയസ്സുകാരൻ ഉൾപ്പെടെ ആറു പേർക്ക് കുത്തേറ്റ സംഭവത്തിൽ നാലു പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. കൊറക്കോട് സ്വദേശികളായ ഇമ്രാൻ, അഹമ്മദ് എന്നിവരും ബാങ്കോട് സ്വദേശികളായ സനാഫ്, ബാസിത് എന്നിവരുമാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ശനിയാഴ്ച രാത്രി ഏഴര മണിയോടെ കൊറക്കോട്ടെ ഒരു കടയുടെ സമീപത്തുവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊറക്കോട് ബിലാൽ മസ്ജിദിനു സമീപത്തെ ജാഫർ സാദിഖ്, അബ്ദുൽ കരിം, കെ. അബ്ദുൽ ഫത്താഹ് എന്നിവർക്കും തെരുവത്ത് സിറാമിക്സ് റോഡിലെ മുഹമ്മദ് മർവാൻ മനാസിർ, കൂടാതെ 15-ഉം 17-ഉം വയസ്സുള്ള മറ്റു രണ്ടു പേർക്കുമാണ് അക്രമത്തിൽ കുത്തേറ്റത്.
ഗൾഫിൽ നിന്ന് കൊടുത്തയച്ച സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കേസിലെ പരാതിക്കാരനായ ജാഫർ സാദിഖ് ഗൾഫിൽ നിന്ന് കൊടുത്തയച്ച എട്ടു പവൻ സ്വർണാഭരണങ്ങളിൽ 30 ഗ്രാം തൂക്കമുള്ള മോതിരം നൽകിയിരുന്നില്ല. ഇതിന്റെ പേരിൽ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് കാസർകോട് ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ വ്യക്തമാക്കുന്നു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.













Leave a Reply