കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം വേണം: പി.ഡി.പി

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അഭിമുഖീകരിക്കുന്ന കടൽക്ഷോഭത്തിനും പ്രദേശത്തെ രൂക്ഷമായ യാത്രാദുരിതത്തിനും ശാശ്വത പരിഹാരം കാണണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു. എല്ലാ വർഷവും ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തുന്നതുകൊണ്ട് മാത്രം ജനങ്ങളുടെ പ്രയാസങ്ങൾ അവസാനിക്കുന്നില്ലെന്നും വ്യക്തമായ നടപടികളാണ് വേണ്ടതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

മഴ ശക്തമായതോടെ കുമ്പളയിലെ കോയിപ്പാടി കടപ്പുറം, മംഗൽപാടിയിലെ മൂസോടി, മഞ്ചേശ്വരത്തെ ശാരദ കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന ദുരിതം ഇത്തവണയും രൂക്ഷമായിരിക്കുകയാണ്. പലയിടങ്ങളിലും റോഡുകൾ തകർന്ന നിലയിലാണ്. തീരദേശവാസികളുടെ ഈ പ്രയാസങ്ങൾ ഭരണാധികാരികൾ ഗൗരവത്തിൽ കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.

റെയിൽവേ ഗേറ്റുകളിലെ യാത്രാദുരിതം

വസങ്കടി, മുട്ടം റെയിൽവേ ഗേറ്റുകൾ ഇടയ്ക്കിടയ്ക്ക് അടച്ചിടുന്നത് കാരണം പ്രദേശവാസികൾ മണിക്കൂറുകളോളം വഴയിൽ കിടക്കേണ്ടി വരികയാണ്. ബന്ധപ്പെട്ട അധികൃതർ ജനങ്ങളുടെ ഈ പ്രയാസം അടിയന്തരമായി പരിഹരിക്കണം.

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കണം

കാസർഗോഡ് – മംഗലാപുരം റൂട്ടിൽ ‘പ്രിയദർശിനി’ സൗജന്യ യാത്ര ആരംഭിച്ചതിനുശേഷം സ്ത്രീ യാത്രക്കാർ വലിയ യാത്രാദുരിതമാണ് നേരിടുന്നത്. ചെറിയ സ്റ്റോപ്പുകളിൽ ബസുകൾ നിർത്താതെ പോകുന്നത് പതിവായിട്ടുണ്ട്. കൂടാതെ പല ബസുകളിലും മോഷണശ്രമങ്ങൾ നടക്കുന്നതായും പരാതിയുണ്ട്.

സ്റ്റോപ്പുകളിൽ ബസ് നിർത്താതെ പോകുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഈ റൂട്ടിൽ ബസുകളുടെ കുറവുണ്ടെങ്കിൽ കൂടുതൽ സർവീസുകൾ നടത്തണം. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കാസർഗോഡ്, മംഗലാപുരം ഭാഗങ്ങളിൽ നിന്ന് കൂടുതൽ ബസുകൾ സർവീസ് ആരംഭിക്കണമെന്നും പി.ഡി.പി ആവശ്യപ്പെട്ടു.

എസ്.എം. ബഷീർ അഹമ്മദ് റസ്വി, ജാസി പൊസോട്ട്, ഇബ്രാഹിം തോക്ക, എം.എ. കളത്തൂർ, ഖാലിദ് ബമ്പ്രാണ, ഹനീഫ പൊസോട്ട്, ഖലീൽ കൊടിയമ്മ, ബഷീർ കജാലം, അഫ്സർ മള്ളൻകൈ, മൂസ അട്ക തുടങ്ങിയ നേതാക്കളാണ് ബന്ധപ്പെട്ട അധികാരികളോട് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *