റെയിൽവേയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ എം.പി വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ; അമൃത് ഭാരത് വികസനത്തിന് പിന്നിൽ സ്വകാര്യവൽക്കരണ അജണ്ടയെന്നും സംശയം
കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിവെച്ച പാർസൽ സേവനം ഉടനടി പുനഃസ്ഥാപിക്കണമെന്ന ശക്തമായ ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ നേരിട്ട് സന്ദർശിച്ച് നിവേദനം നൽകി.
ദക്ഷിണ റെയിൽവേയുടെ നടപടി അങ്ങേയറ്റം ഏകപക്ഷീയമാണെന്നും ഈ തിരുമാനം ഉടനടി പിൻവലിച്ച് സർവീസ് പൂർണമായും പുനരാരംഭിക്കണമെന്നും എം.പി മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന നിലപാടിലാണ് അദ്ദേഹം.
‘അമൃത് ഭാരത് പദ്ധതി വെറുമൊരു വഞ്ചനയോ?’
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവിട്ട് വികസിപ്പിക്കുന്നുവെന്ന് അവകാശപ്പെടുന്ന കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഏറ്റവും അവശ്യസേവനങ്ങളിലൊന്നാണ് റെയിൽവേ ഇപ്പോൾ ഇല്ലാതാക്കിയിരിക്കുന്നത്. ഇത്തരം നടപടികൾ സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള മറ്റ് ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും എം.പി വ്യക്തമാക്കി.
ജനങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം
ജില്ലയിലെ ഏക പാർസൽ സർവീസ് കേന്ദ്രം പൂട്ടിയിട്ടതോടെ കാസർകോട്ടെ വ്യാപാരികളും പൊതുജനങ്ങളും കടുത്ത ദുരിതത്തിലാണ്. പാർസലുകൾ അയക്കാനും സ്വീകരിക്കാനും ഇപ്പോൾ കണ്ണൂർ, മംഗളൂരു സ്റ്റേഷനുകളെ ആശ്രയിക്കേണ്ടി വരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും ബുദ്ധിമുട്ടുകൾക്കും കാരണമാകുന്നുണ്ട്. അതിനാൽ, ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത ഈ തീരുമാനം റെയിൽവേ ഉടൻ തിരുത്തണമെന്ന് കേന്ദ്രമന്ത്രിക്ക് നൽകിയ കത്തിൽ എം.പി ആവശ്യപ്പെട്ടു.













Leave a Reply