വയനാട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൽപ്പറ്റ: വയനാട് പനമരം കൈതക്കലിൽ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ ഓഫീസ്, സ്‌കൂൾ സമയത്ത് നടന്ന അപകടമായതിനാൽ തന്നെ ഇരു ബസുകളിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. ഒരു ബസിന്റെ പിൻഭാഗത്തെ ചക്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ചക്രത്തിന്റെ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വന്ന മറ്റൊരു കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഇടിയുടെ ആഘാതത്തിൽ ബസുകളുടെ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകാൻ മോട്ടോർ വാഹന വകുപ്പും പോലീസും വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *