കാസർകോട്: ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പരിധിയിൽ സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതിക്കെതിരെ ഗുരുതര നിയമലംഘന ആരോപണങ്ങൾ. യാതൊരുവിധ നിർമാണ അനുമതിയോ ഒക്യുപൻസി സർട്ടിഫിക്കറ്റോ കെട്ടിട നമ്പറോ ഇല്ലാതെയാണ് ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് കെ. ശ്രീജിത്തിന് ബേഡഡുക്ക പഞ്ചായത്ത് വിവരാവകാശ ഓഫീസറിൽ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.
പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല
ഇക്കോ ടൂറിസം കേന്ദ്രത്തിലെ കെട്ടിടങ്ങൾക്ക് പഞ്ചായത്ത് നിർമാണാനുമതി നൽകിയിട്ടില്ലെന്നും ഒക്യുപൻസി സർട്ടിഫിക്കറ്റോ കെട്ടിട നമ്പറോ അനുവദിച്ചിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. കൂടാതെ, ഈ ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അനുമതിക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമിതി ഇതുവരെ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ പറയുന്നു.
റിസോർട്ട് നിർമാണം പുഴയോരം കയ്യേറിയെന്ന് ആരോപണം
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ സി.ജി. മാത്യു പ്രസിഡൻ്റായ ‘ചന്ദ്രഗിരി ടൂറിസം ഡെവലപ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി’യുടെ നേതൃത്വത്തിലാണ് പൊലിയം തുരുത്ത് ഇക്കോ ടൂറിസം പദ്ധതി പ്രവർത്തിക്കുന്നത്.
പുഴയോര ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമിച്ചതെന്നും 2023-ൽ പ്രവർത്തനം ആരംഭിച്ച പദ്ധതി, 2025 ഓഗസ്റ്റ് 11-ന് അന്നത്തെ സഹകരണ മന്ത്രി വി.എൻ. വാസവനെ പങ്കെടുപ്പിച്ചാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതെന്നും ആരോപണമുണ്ട്.
വൻ സാമ്പത്തിക സമാഹരണം
ഏകദേശം 20-ഓളം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ സന്ദർശകരിൽ നിന്ന് ഒരാൾക്ക് 100 രൂപ വീതം പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്. ഭരണസ്വാധീനം ഉപയോഗിച്ച് വിവിധ സർക്കാർ പരിപാടികൾ ഇവിടെ സംഘടിപ്പിക്കുകയും അതിലൂടെ വൻതുക സമാഹരിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇതിനുപുറമെ, ഇക്കോ ടൂറിസം പദ്ധതിയുടെ പേരിൽ ഗൾഫ് രാജ്യങ്ങളിലടക്കം നിരവധി പേരിൽ നിന്ന് ഷെയർ പിരിച്ച് കോടിക്കണക്കിന് രൂപ സമാഹരിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.













Leave a Reply