കാസർകോട്: റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവീസ് ഈ മാസം 25 മുതൽ പൂർണ്ണമായും നിർത്തലാക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജനദ്രോഹപരമായ ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ റെയിൽവേ പാർസൽ ഓഫീസിന് മുന്നിൽ ശക്തമായ ധർണ്ണ സമരം നടത്തി.
പാർസൽ സർവീസ് പെട്ടെന്ന് നിർത്തിവെക്കുന്നത് യാത്രാ-വ്യാപാര മേഖലയ്ക്കും പൊതുജനങ്ങൾക്കും കടുത്ത തിരിച്ചടിയാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി കോടികൾ ചെലവഴിച്ച് കാസർകോട് സ്റ്റേഷൻ വികസിപ്പിക്കുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി റെയിൽവേയുടെ ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്.
പ്രതിവർഷം 49.70 കോടി രൂപ വരുമാനമുള്ള പ്രധാനപ്പെട്ട ഒരു ജില്ലാ ആസ്ഥാന സ്റ്റേഷനിൽ നിന്നും പാർസൽ സർവീസ് നിർത്തലാക്കുന്നത് പ്രദേശത്തെ കർഷകർ, ചെറുകിട വ്യാപാരികൾ, വിദ്യാർത്ഥികൾ, സർക്കാർ-സ്വകാര്യ ജീവനക്കാർ എന്നിവരെ നേരിട്ട് ബാധിക്കും. തീരുമാനം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
ധർണ്ണ സമരത്തിന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ ചെർക്കളം, സത്താർ പൈക്ക തുടങ്ങിയവർ നേതൃത്വം നൽകി.













Leave a Reply